കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി.


കുവൈത്ത് സിറ്റി: കുവൈത്തിൽ ദുർമന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വസ്തുക്കൾ കടത്താൻ ശ്രമിച്ച സ്ത്രീയെ പിടികൂടി. അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിലാണ് സംഭവം. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോ​ഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ അറിയിച്ചു.

കസ്റ്റംസ് അധികൃതർ നടത്തിയ പതിവ് പരിശോധനയ്ക്കിടയിലാണ് സ്ത്രീയെ പിടികൂടിയത്. പരിശോധന നടത്തുന്നതിനിടെയാണ് സ്ത്രീയുടെ കൈയിൽ ഉണ്ടായിരുന്ന ബാ​ഗ് ഉദ്യോ​ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബാ​ഗ് വാങ്ങി പരിശോധിക്കുകയായിരുന്നു. ബാ​ഗിന്റെ ഏറ്റവും അടി ഭാ​ഗത്തായി ഒരു രഹസ്യ അറ കണ്ടെത്തുകയായിരുന്നു. അതിനുള്ളിലാണ് മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന വിധത്തിലുള്ള വസ്തുക്കൾ കണ്ടെടുത്തത്.


കൂടുതൽ ചോദ്യം ചെയ്യലിൽ ഈ വസ്തുക്കൾ ദുർ മന്ത്രവാദത്തിനായുള്ള വസ്തുക്കളാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇത് കൊണ്ടുവന്നതെന്നും സ്ത്രീ സമ്മതിച്ചു. ബാ​ഗിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ അധികൃതർ കണ്ടുകെട്ടി. കൂടാതെ ഇറാഖിൽ നിന്നെത്തിയ ആ സ്ത്രീക്ക് കുവൈത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു
أحدث أقدم