ആലപ്പുഴ മാന്നാറിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ രണ്ടാനച്ഛന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി; അമ്മയോട് പറഞ്ഞപ്പോള്‍ പീഡനത്തിന് ഒത്താശ; മാനസികമായും പീഡനം; പെണ്‍കുട്ടിയുടെ പരാതിയില്‍ രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍







മാന്നാര്‍ (ആലപ്പുഴ): മാന്നാര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനും മാതാവും അറസ്റ്റില്‍. രണ്ടാനച്ഛന്റെ പീഡനത്തെക്കുറിച്ച് അമ്മയോടു പരാതി പറഞ്ഞിട്ടും മൗനംപാലിച്ചതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ചെന്നിത്തലയില്‍ വാടകയ്ക്കു താമസിക്കുന്ന മുപ്പത്തിയൊന്‍പതുകാരിയായ സ്ത്രീയും രണ്ടാം ഭര്‍ത്താവായ നാല്‍പത്തിയഞ്ചുകാരനുമാണ് അറസ്റ്റിലായത്. 2024 സെപ്റ്റംബറിലായിരുന്നു സംഭവം. പെണ്‍കുട്ടി വീട്ടില്‍ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നപ്പോള്‍ രണ്ടാനച്ഛന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. രണ്ടാനച്ഛന്‍ പീഡിപ്പിച്ചുവെന്ന് അമ്മയോട് പറഞ്ഞെങ്കിലും അമ്മയില്‍ നിന്നും ഒരു പ്രതികരണവും കുട്ടിക്ക് ലഭിച്ചില്ല. തുടര്‍ന്ന് രണ്ടാനച്ഛന്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുകൊണ്ടേ ഇരുന്നു. അപ്പോഴും അമ്മ മൗനം പാലിച്ചു.

തുടര്‍ന്ന് കഴിഞ്ഞദിവസം കുട്ടി നേരിട്ട് മാന്നാര്‍ പോലീസ് സ്റ്റേഷനിലെത്തി. മുന്‍പുനടന്ന പീഡന വിവരം ഉള്‍പ്പെടെ വ്യക്തമാക്കി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാന്നാര്‍ ഇന്‍സ്‌പെക്ടര്‍ രജീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂര്‍ കോടതി ഇവരെ റിമാന്‍ഡുചെയ്തു.

أحدث أقدم