ഗോകുലം ചിട്ടി ഇടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022ല്‍ കൊച്ചി യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണമെന്നും ഇഡി വൃത്തങ്ങള്‍ അറിയിച്ചു. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി റെയ്ഡിനെ ബന്ധിപ്പിക്കരുതെന്നും ഗോകുലം ഗ്രൂപ്പിന്റെ ഇടപാടുകള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. എംപുരാന്‍ സിനിമ രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് റെയ്ഡ് എന്ന് വ്യാപക പ്രചാരണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇഡിയുടെ വിശദീകരണം. കോഴിക്കോട് കോര്‍പറേറ്റ് ഓഫീസ്, ഹോട്ടല്‍, വിവിധ സ്ഥാപനങ്ങള്‍, ചെന്നൈയിലെ ഓഫീസ്, ഗോകുലം ഗോപാലന്റെ മകന്‍ ബൈജുവിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വിദേശനിക്ഷേപം സ്വീകരിച്ചതില്‍ ഫെമ ലംഘനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചാണ് പരിശോധന. മുന്‍പും ഗോകുലം കമ്പനിയില്‍ ഇത്തരം പരിശോധന നടന്നിട്ടുണ്ട്.