ലണ്ടൻ/ ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് യുകെ മലയാളി ലണ്ടനിൽ അന്തരിച്ചു. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോൻ - 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടൻതന്നെ പാരാമെഡിക്സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലണ്ടൻ ഫിഞ്ചിയിലെ റിവെൻഡെൽ കെയർ ആൻഡ് സപ്പോർട്ടിൽ ജോലി ചെയ്യുന്ന സൗമിന രണ്ടു വർഷം മുൻപാണ് ജോനസും കുടുംബവുമൊത്ത് യുകെയിൽ എത്തിയത്.
മക്കൾ: ജോഷ്വാ ജോനസ് (എട്ടാം ക്ലാസ് വിദ്യാർഥി), അബ്രാം (മൂന്നാം ക്ലാസ് വിദ്യാർഥി). ഇരിങ്ങാലക്കുട ചിറയത്ത് കോനിക്കര വീട്ടിൽ പരേതനായ ജോസഫ് - റോസ്മേരി ദമ്പതികളുടെ മകനാണ്. തോംസൺ, ജോബി എന്നിവരാണ് സഹോദരങ്ങൾ. ഏതാനും ദിവസങ്ങൾക്കുള്ളിൽ കുടുംബമായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.
ജോനസിന്റെ അപ്രതീക്ഷിതമായ വേർപാടിൽ ലണ്ടനിലെ എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ പ്രവർത്തകരും മലയാളി സമൂഹവും കുടുംബത്തിന് ഒപ്പമുണ്ട്.
സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നതായി സഹപ്രവർത്തകരും സുഹൃത്തുക്കളും അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.