
മണ്ണുത്തി – വടക്കഞ്ചേരി ആറു വരി ദേശീയപാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ അര്‍ഹരായവര്‍ക്കും സൗജന്യ യാത്രാ പാസ് ലഭിക്കുന്നില്ലെന്ന് പരാതി. മാര്‍ച്ച് 14ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ടോള്‍ ബൂത്തിന്‍റെ 7.5 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ ധാരണയായത്. എന്നാല്‍ അതനുസരിച്ച് അര്‍ഹതയുള്ളവര്‍ക്ക് പോലും പാസ് ലഭിക്കുന്നില്ലെന്നാണ് പരാതി
കരാര്‍ കമ്പനിയുടെ നിര്‍ദ്ദേശമനുസരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയിട്ടും പലര്‍ക്കും പാസ് ലഭിച്ചിട്ടില്ല. പാസ് ലഭിച്ചവര്‍ക്കും ടോള്‍ ബൂത്ത് കടക്കുമ്പോള്‍ പണം നഷ്ടമാവുന്നതായി പരാതിയുണ്ട്. ഫാസ് ടാഗില്‍ ക്രമീകരണം നടത്തി വേണം പ്രശ്‌നം പരിഹരിക്കാന്‍. അതിനുള്ള സഹകരണം ടോള്‍ പിരിക്കുന്ന കരാര്‍ കമ്പനിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കുമെന്നാണ് കരാറുകാരുടെ വിശദീകരണം. നിലവില്‍ നാലായിരത്തോളം വാഹനങ്ങൾക്ക് സൗജന്യ യാത്രാ പാസ് നല്‍കിയിട്ടുണ്ടെന്നും വളരെ കുറച്ചു പേര്‍ക്കേ ടോള്‍ കടക്കുമ്പോള്‍ പണം നഷ്ടപ്പെടുന്നുള്ളൂവെന്നും അവര്‍ പറയുന്നു. അതും പരിഹരിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്
ടോള്‍ സൗജന്യം കൂടുതല്‍ പേര്‍ക്ക് വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രതിഷേധം തുടരുകയാണ്. ടോളിന്റെ പത്തു കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കും നാലു ചക്രമുള്ള ഓട്ടോറിക്ഷകള്‍ക്കും സൗജന്യം വേണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് കരാര്‍ കമ്പനി