കാശ്മീരിലെ ഭീകരാക്രമണം; ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി നൽകാൻ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്


പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30 വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിംഗിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍ അനായാസം ക്രമീകരിക്കാം. പഹല്‍ഗാമിലുണ്ടായ ഈ ദുഃഖകരമായ സാഹചര്യത്തില്‍ തങ്ങളുടെ അതിഥികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ശ്രീനഗറില്‍ നിന്നും ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജമ്മു, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ആഴ്ച തോറും നേരിട്ടുള്ള 80 വിമാന സര്‍വ്വീസുകളാണുള്ളത്. ശ്രീനഗറില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, അഗര്‍ത്തല, അയോധ്യ, ചെന്നൈ, ഗോവ, മുംബൈ, പട്‌ന, വാരാണസി തുടങ്ങി 26 സ്ഥലങ്ങളിലേക്ക് വണ്‍ സ്റ്റോപ് സര്‍വീസുകളുമുണ്ട്.

അതേസമയം, രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ 29 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് പ്രദേശവാസികൾ അടക്കം നാല് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിർത്തത് എന്നാണ് വിവരം. ഇവരുടെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ സൂത്രധാരൻ ലഷ്ക്കർ ഇ ത്വയ്ബയുടെ കൊടും ഭീകരൻ സൈഫുള്ള കസൂരിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

أحدث أقدم