ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പടെ രണ്ട് പേർ പിടിയിൽ ആയ കേസിന്റെ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറി. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ആയിരിക്കും തുടർ നടപടികൾ. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് ഉന്നത ഉദ്യോഗസ്ഥൻ നേരിട്ട് കേസന്വേഷിക്കുന്നത്.
കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് മുന്തിയ ഇനം ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ തസ്ലീമ. ഇവരിലൂടെ ലഹരി മാഫിയ സംഘത്തിലെ മറ്റുപ്രധാന ആളുകളിലേക്ക് കൂടി എത്താനാകും എന്നാണ് എക്സൈസിന്റെ പ്രതീക്ഷ. മാത്രവുമല്ല തസ്ലിമയുടെ ഫോണിൽ നിന്ന് പലർക്കും സ്ത്രീകളുടെ ചിത്രങ്ങൾ അയച്ചു നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു.
നേരത്തെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ ഇവർ നിലവിൽ ലഹരിക്കടത്തിനോ വിപണനത്തിനോ ഇത്തരം രീതി പിന്തുടരുന്നുണ്ടോ എന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തസ്ലിമ സുൽത്താനയ്ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയത് ദുബായ്, ബംഗളുരു എന്നിവിടങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രണ്ട് മലയാളികളാണെന്നാണ് വിവരം. ഇതിൽ ഒരാൾ ലഹരി കേസുകളിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. കേരളത്തിലേക്ക് ലഹരി ഒഴുക്കുന്ന പ്രധാന കണ്ണികളെയാണ് എക്സൈസ് തേടുന്നത്.