
മലപ്പുറം: മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണ നാട്ടിലെ നോട്ടപ്പുള്ളിയെ നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് രക്ഷപ്പെടുത്തി. മലപ്പുറം മക്കരപ്പറമ്പിലാണ് കിണറ്റിൽ വീണ നോട്ടപ്പുള്ളിയെ രക്ഷപെടുത്തിയത്. വൃത്തിയാക്കിയ കിണറ്റിലെ വെള്ളം തെളിഞ്ഞോ എന്ന് നോക്കാനെത്തിയ സ്ത്രീകളാണ് രാവിലെ ഇയാളെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. കിണറിൽ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ ആണ് കിണറ്റിൽ വീണത്. ഇയാൾ സമീപത്തെ വീടിന്റെ മതിൽ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
സമീപത്തുള്ള എല്ലാവരും വെള്ളമെടുക്കുന്ന സുഹ്റയെന്ന സ്ത്രീയുടെ പറമ്പിലെ കിണറാണ് ഇത്. ഇന്നലെ വൃത്തിയാക്കിയ കിണറിലെ വെള്ളം തെളിഞ്ഞോ എന്നറിയാനാണ് രാവിലെ സമീപത്തെ താമസക്കാരായ സ്ത്രീകള്‍ കിണറ്റിൻ കരയിലെത്തിയത്. കിണറിനകത്തേക്ക് നോക്കിയ സ്ത്രീകൾ ആദ്യം ഒന്ന് അമ്പരന്നു. പ്രദേശവാസിയായ നാസർ പരുക്കുകളോടെ കിണറ്റിൽ നിൽക്കുന്നു. വിവരമറിഞ്ഞതോടെ കിണറ്റിനടുത്തേക്ക് നാട് ഒന്നാകെ ഒഴുകിയെത്തി.
വൈകാതെ പോലീസുമെത്തി. എല്ലാവരും ചേര്‍ന്ന് നാസറിനെ പുറത്തെത്തിച്ചപ്പോഴാണ് നാട്ടിലെ നോട്ടപ്പുള്ളിയായ നാസർ തന്നെയാണ് ഇന്നലെ രാത്രി സമീപത്തെ വീടുകളിൽ എത്തിയതെന്ന് നാട്ടുകാർക്ക് മനസിലായത്. സിസിടിവിലും ഇത് വ്യക്തം. പൊലീസിന്റെ ചോദ്യങ്ങൾക്ക് നാസറിന്‍റെ മറുപടിയും വിചിത്രം. താൻ രാത്രി കിണറ്റിൽ പണിക്ക് എത്തിയതാണെന്നാണ് നാസറിന്റെ മറുപടി. പരിക്കേറ്റ നാസറിനെ പൊലീസ് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കും.