'സിനിമാ സെറ്റിന് പ്രത്യേക പവിത്രത ഇല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തും : മന്ത്രി എം ബി രാജേഷ്





പാലക്കാട് : സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ, പരിഗണനയോ ഒന്നുമില്ലെന്ന് മന്ത്രി എംബി രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ ഉണ്ടാകും. അതില്‍ ആരെയും ഒഴിച്ചു നിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

സര്‍ക്കാര്‍ ഗൗരവത്തോടെയാണ് സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. ലഹരി വിവരം അറിയിക്കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് മാസത്തില്‍ മാത്രം പതിനാലായിരത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. മുമ്പില്ലാത്ത വിധം റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണഗതിയില്‍ പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും ഇപ്പോള്‍ പിടിക്കാനാകുന്നത്.

കൃത്യം വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കേണ്ടി വരും. അതൊന്നും പവിത്രമായ സ്ഥലമൊന്നുമല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധനയാണ് മാര്‍ച്ച് മാസത്തില്‍ നടന്നത്. 14,000 റെയ്ഡ് നടന്നു. 10,000 കേസുകളെടുത്തു. 3000 പേരെ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം ഇപ്പോള്‍ കാണാനും സാധിക്കുമെന്ന് മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.
أحدث أقدم