വിദ്യാര്‍ത്ഥികളുടെ മെഗാ സൂംബ പരിപാടിക്ക് പിണറായിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്, വിവാദം




തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാംപെയ്‌നിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാര്‍ഥികളുടെ മെഗാ സൂംബ പരിപാടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പതിച്ച ചുവപ്പു ടീഷര്‍ട്ട് നല്‍കിയതില്‍ വിവാദം. ഇന്ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന മെഗാ സൂംബയെ ചൊല്ലിയാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട് കുട്ടികള്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അധ്യാപക സംഘടന രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയില്‍ ലഹരിക്കെതിരെ നടത്തുന്ന പരിപാടികള്‍ ചുവപ്പുവല്‍ക്കരിക്കാനും രാഷ്ട്രീയവത്കരിക്കാനുമുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം അപലപനീയമാണെന്ന് അധ്യാപക സംഘടനയായ കെപിഎസ്ടിഎ ആരോപിച്ചു.

'പഠനമാണ് ലഹരി - നോ ടു ഡ്രഗ്സ്' എന്നെഴുതിയതിന് താഴെയാണ് മുഖ്യമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൈമാറിയ ചുവപ്പ് ടീ ഷര്‍ട്ടിലാണ് മുഖ്യമന്ത്രിയുടെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. ടീഷര്‍ട്ട് ചുവപ്പു നിറമാക്കി മുഖ്യമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സര്‍ക്കാര്‍ നീക്കമാണിതെന്നും, ഇത്തരം നടപടികള്‍ അപലപനീയമാണെന്നും കെപിഎസ്ടിഎ സംസ്ഥാന സമിതി വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് 1500 കുട്ടികളെ ഉള്‍പ്പെടുത്തി മെഗാ സൂംബ നടത്തുന്നത്.
أحدث أقدم