മുരടിപ്പിനപ്പുറം തകർച്ചയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് വിലയിരുത്തൽ. ബംഗാളിലും ത്രിപുരയിലും സ്വാധീനത്തിലുണ്ടായ ഇടിവിനു ശേഷം തകർച്ച പൊതു പ്രവണതയായി. സമരരംഗത്ത് പുതിയ അടവുകളും മുദ്രാവാക്യങ്ങളും സ്വീകരിക്കുന്നതിൽ കഴിവില്ലായ്മ തന്നെയുണ്ടെന്നും റിപ്പോർട്ടിൽ തുറന്നു സമ്മതിക്കുന്നു. കർഷകർ, കർഷകത്തൊഴിലാളികൾ, ഗ്രാമീണ ദരിദ്രർ എന്നിങ്ങനെ അടിസ്ഥാന വിഭാഗങ്ങളിൽപെട്ടവരുടെ സമരങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ തുറന്നു സമ്മതിക്കുന്നുണ്ട്.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രക്ഷോഭങ്ങളും പ്രചാരണ പ്രവർത്തനങ്ങളും വഴിപാടുകളായി മാറി. ദേശീയ ക്യാംപെയ്നുകളിൽപോലും ഇതാണു സ്ഥിതി. ജനപിന്തുണയ്ക്കു വേണ്ട രാഷ്ട്രീയവും ആശയപരവുമായ പ്രവർത്തനത്തെ അവഗണിക്കുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസ് ഇക്കാര്യത്തിൽ കൊണ്ടുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പിബി പരാജയമായെന്നും റിപ്പോർട്ടിൽ പറയുന്നു. പാർലമെന്ററി പോരാട്ടങ്ങളിലും പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളിൽ പാർട്ടിക്ക് ലഭിച്ചത് ഒരു ശതമാനത്തിലും താഴെ വോട്ടുകളാണ്. ത്രിപുരയിൽ 24.62 വോട്ട് സമാഹരിക്കാനായി. എന്നാൽ, മികച്ച പ്രകടനം എന്ന് പറയാനാകില്ല. എന്നാൽ, മറ്റിടങ്ങളിൽ പാർട്ടിക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകൾ അതിലും പരമദയനീയമാണെന്നും ചൂണ്ടിക്കാട്ടുന്നു. 11 സീറ്റിൽ മത്സരിച്ച ഹിമാചൽപ്രദേശിൽ 0.06 ശതമാനം, 17 സീറ്റിൽ മത്സരിച്ച രാജസ്ഥാനിൽ 0.97ശതമാനം, 19 സീറ്റിൽ മത്സരിച്ച തെലങ്കാനയിൽ 0.23ശതമാനം, 7 സീറ്റിൽ മത്സരിച്ച ആന്ധ്രയിൽ 0.13ശതമാനം എന്നിങ്ങനെയാണു സിപിഎമ്മിന്റെ വോട്ട് ഷെയർ.