കണ്ണൂർ കണ്ണപുരത്ത് ബിജെപി സ്ഥാപിച്ച കൊടിമരം വീണ്ടും പൊലീസ് എടുത്തുകൊണ്ടുപോയി. കൊടിമരം സ്ഥാപിച്ച തറയടക്കം തകർത്താണ് ഇത്തവണ എടുത്തുകൊണ്ടുപോയത്. പൊലീസ് അർദ്ധരാത്രി തകർത്ത കൊടിമരം കഴിഞ്ഞ ദിവസമാണ് ബിജെപി പ്രവർത്തകർ പുനസ്ഥാപിച്ചത്.അതേസമയം ബിജെപിയുടെ കൊടിമരത്തോടൊപ്പം സിപിഎമ്മിന്റെ കൊടികളും പൊലീസ് നീക്കം ചെയ്തു.
ബിജെപി സ്ഥാപക ദിനത്തിന്റെ ഭാഗമായി കണ്ണപുരം ചൈന ക്ലേ റോഡിൽ നാട്ടിയ കൊടിമരം ഞായറാഴ്ച രാത്രി പൊലീസ് നശിപ്പിച്ചിരുന്നു. പൊതുസ്ഥലത്ത് കൊടികൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.അപ്പോൾ തന്നെ ഇതിന്റെ ഭവിഷത്ത് നേരിടേണ്ടി വരുമെന്ന് ബിജെപി പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. ഇതേ സമയം പൊലീസിനെ വെല്ലുവിളിച്ച് പൊലീസ് പറിച്ചെടുത്ത അതേ സ്ഥലത്ത് ബിജെപി നേതാക്കൾ കൊടിമരം വീണ്ടും നാട്ടുകയായിരുന്നു .