പാമ്പാടി : കങ്ങഴ ദേവഗിരി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ബിഎസ്എൻഎൽ ടവർ പ്രവർത്തനക്ഷമം അല്ല എന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് ഇത് സംബന്ധിച്ച് നൂറുകണക്കിന് ഉപഭോക്താക്കൾ ഒപ്പിട്ട ഒരു പരാതി ബിഎസ്എൻഎൽ ജനറൽ മാനേജർക്ക് നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വൈദ്യുതി തടസ്സം ഉണ്ടായാൽ ടവർ പ്രവർത്തിക്കില്ല. ബാറ്ററി മാറ്റി വയ്ക്കാത്തതാണ് കാരണം. 4 ജി സേവനങ്ങൾ ലഭിക്കത്തക്ക വിധം ഒരു പരിഷ്കരണവും നടന്നിട്ടില്ല. ഈ പ്രദേശത്തെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ഇതു മൂലം ബുദ്ധിമുട്ടുന്നു. പാർലമെൻറ് അംഗം ഫ്രാൻസിസ് ജോർജ് മുഖാന്തിരം നാട്ടുകാരുടെ ഒരു പരാതി ബിഎസ്എൻഎൽ അധികൃതർക്ക് നൽകിയെങ്കിലും അതിനും പരിഹാരമായിട്ടില്ല. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. ഇതിനായി പ്രദേശത്തെ വിവിധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ഏകോപന സമിതി രൂപീകരിച്ചതായി കൺവീനർമാരായ മോൻസി വർഗ്ഗീസ്, ഷൈജു തോമസ്, രതീഷ് പാറക്കൽ, പയസ് മാത്യു എന്നിവർ അറിയിച്ചു.
ബിഎസ്എൻഎൽ അധികൃതർ ഈ വിഷയത്തിൽ ഇടപെട്ട് ഉടൻ പരിഹാരം കാണണമെന്ന് ദേവഗിരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻറ് സോബിച്ചൻ എബ്രഹാം, ദേവഗിരി സൗഹൃദ വേദി ക്ലബ്ബ് പ്രസിഡൻറ് അഡ്വക്കേറ്റ് ജി രാമൻ നായർ, കങ്ങഴ പൗരസമിതി പ്രസിഡൻറ് ജിജി പി തോമസ് പുതുപ്പറമ്പിൽ, കുമ്പന്താനം കൈരളി ക്ലബ്ബ് പ്രസിഡൻറ് ബോബിൻ വടക്കേൽ, ദേവഗിരി വികസന സമിതി സെക്രട്ടറി ഫിലിപ്പ് കുറ്റിക്കൻ, എരുമത്തല സമന്വയം ക്ലബ്ബ് പ്രസിഡൻറ് രാജേഷ് എൻ നായർ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.