കോതമംഗലം:* കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ രണ്ട് കാട്ടുപന്നികളെയാണ് പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരം വെടിവെച്ചു കൊന്നത്.
ഇന്നലെ രാവിലെയാണ് കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കാട്ടുപന്നികളെ കിണറ്റിൽ വീണ നിലയിൽ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി.
രണ്ട് കൂറ്റൻ കാട്ടുപന്നികളാണ് കിണറ്റിൽ വീണത്. തുടർന്ന് പന്നികളെ വെടിവെയ്ക്കാൽ പഞ്ചായത്ത് പ്രസിഡന്‍റ് മിനി ഗോപി നിർദേശം നൽകുകയായിരുന്നു. പിണ്ടിമന സ്വദേശി രാജേഷ് ആണ് കാട്ടുപന്നികളെ വെടിവെച്ചത്. കാട്ടുപന്നികളെ വെടിവെക്കാനായി പഞ്ചായത്തിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആളാണ് രാജേഷ്.
വന്യമൃഗശല്യം ഏറെയുള്ള പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ പലമേഖലകളും. എങ്കിലും ആദ്യമായാണ് ഇവിടെ കാട്ടുപന്നികളെ വെടിവെക്കുന്നത്. അതേസമയം, വന്യമൃഗശല്യം ഒഴിവാക്കാൻ ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.