ഷാർജ :കേരളത്തിലെ വിദ്യാർഥികൾക്ക് ലഹരിമുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ. കേരള മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് പഠനം പൂർത്തിയാക്കുന്നവർക്ക് നിർബന്ധമായും ലഹരി മുക്ത സർട്ടിഫിക്കറ്റ് നൽകണം. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ തലം വരെ ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. പഠനം തുടരാനും ജോലി നേടാനും ഈ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ ലഹരി ഉപയോഗത്തിൽ വലിയൊരളവിൽ കുറവുണ്ടാകുമെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു.
വിദേശ രാജ്യങ്ങളിൽ ജോലി നൽകും മുമ്പ് ലഹരി പരിശോധന നടത്താറുണ്ട്. ലഹരി ഉപയോഗിക്കുന്നവരാണെങ്കിൽ ജോലി ലഭിക്കാത്ത സാഹചര്യംവരും. ഇത്തരം പ്രവണതകൾ ലഹരി ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ യുവാക്കളെ പ്രേരിപ്പിക്കും. വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ ഉപയോഗിക്കുന്നവരെ തിരിച്ചറിയാൻ എളുപ്പമാകും.
അങ്ങനെ അവർക്ക് ലഹരി നൽകുന്നവരിലേക്കെത്താം. ലഹരി ഉപയോഗിക്കുന്നവരുടെ പുനരധിവാസം എളുപ്പമാക്കാനും ഇത്തരം പരിശോധന വഴി തുറക്കും. വിദ്യാഭ്യാസ തൊഴിൽ മേഖലയെ ശക്തിപ്പെടുത്താനും കേരള സമൂഹത്തെ സുരക്ഷിതമാക്കാനും ഈ നടപടിയിലൂടെ സാധിക്കുമെന്ന് നിവേദനത്തിൽ പറയുന്നു. പ്രസിഡന്റ് നിസാർ തളങ്കരയാണ് നിർദേശങ്ങൾ മുഖ്യമന്ത്രി കൈമാറിയത്.