വിവാഹവുമായി ബന്ധപ്പെട്ട ആചാരങ്ങളും രീതികളും വ്യത്യാസപ്പെടാറുണ്ടെങ്കിലും അടിസ്ഥാനപരമായി ദമ്പതികൾ പരസ്പരം സ്നേഹവും പ്രതിബദ്ധതയും വാഗ്ദാനം ചെയ്യുന്ന ഒരു ചടങ്ങിലൂടെയാണ് ഇത് നടത്തപ്പെടുന്നത്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വിവാഹ ചടങ്ങ് പതിറ്റാണ്ടുകളായി ചൈനയിൽ നടത്തി വരുന്നുണ്ട്. ‘പ്രേത വിവാഹങ്ങൾ’ അഥവാ ‘ഗോസ്റ്റ് വെഡിങ്’ എന്നാണ് ഇത് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ ചടങ്ങിൽ വധുവിന്‍റെയോ വരന്‍റെയോ സ്ഥാനത്തുള്ളത് മരിച്ച് പോയവരുടെ മൃതദേഹം ആയിരിക്കും.അസാധാരണമായ ഈ ആചാരത്തിന് 3,000 -ത്തിലേറെ വർഷത്തെ പഴക്കമുണ്ടെന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ഉൾപ്പെടെയുള്ള ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ പ്രേത വിവാഹങ്ങൾക്ക് പിന്നിലെ കാരണം കേട്ടാൽ ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. അവിവാഹിതരായി മരണപ്പെടുന്ന വ്യക്തികൾക്ക് മരണാനന്തര ജീവിതത്തിൽ ഏകാന്തത അനുഭവപ്പെടാതിരിക്കുന്നതിനും അവർ ബ്രഹ്മചാരികളായി തുടരാതിരിക്കുന്നതിനും വേണ്ടിയാണ് അവരുടെ പ്രിയപ്പെട്ടവർ ഇത്തരത്തിൽ ഒരു വിവാഹ ചടങ്ങ് മരണ ശേഷം നടത്തുന്നതത്രേ.
എത്ര ആഘോഷകരമായിട്ടാണോ ഒരു സാധാരണ വിവാഹം നടത്തുന്നത്, അതേ രീതിയിൽ തന്നെയാണ് പ്രേത വിവാഹങ്ങളും നടത്തുന്നത്. മരിച്ച് പോയ വ്യക്തികളുടെ കുടുംബം അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്താൻ ഒരു ഫെങ് ഷൂയി മാസ്റ്ററെ നിയമിക്കുന്നു. അത്തരത്തിലൊരു പങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞാൽ ഉടൻ തന്നെ വിവാഹ നിശ്ചയം നടത്തും. തുടർന്ന് ഏറെ ആഘോഷകരമായി വിവാഹവും. വിവാഹത്തിന് മരിച്ച് പോയ വ്യക്തിയെ വിവാഹ വസ്ത്രങ്ങൾ ധരിപ്പിച്ച് വിവാഹ വേദിയിൽ എത്തിച്ചാണ് വിവാഹം നടത്തുക.
ചൈനയിലെ വിദൂര ഗ്രാമ പ്രദേശങ്ങളിലാണ് ഈ രീതി ഇന്ന് പ്രധാനമായും കാണപ്പെടുന്നത്. അവിവാഹിതനായ ഒരു പുരുഷന്‍റെ ശവകുടീരത്തിന് സമീപം വിവാഹിതയായ ഒരു സ്ത്രീയുടെ ശവകുടീരം നിർമ്മിച്ചാൽ, അയാൾ അടുത്ത ജന്മത്തിൽ അവിവാഹിതനായി തുടരില്ലെന്ന ഒരു വിശ്വാസവും ഇവിടുത്തുകാർക്കുണ്ട്. ഈ ആചാരം ചൈനീസ് സർക്കാർ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഗ്രാമീണർക്കിടയില്‍ രഹസ്യമായി ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.