ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ കഴിഞ്ഞിരുന്ന യുവാവിനെ വിട്ടയച്ചു. കൊല്ലപ്പെട്ടു എന്ന് പറഞ്ഞ ഇയാളുടെ ഭാര്യ തന്നെ മൈസൂരു സെഷൻസ് കോടതിയിൽ ഹാജരായതിനെ തുടർന്നായിരുന്നു യുവാവിനെ മോചിപ്പിച്ചത്. ഒന്നര വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതിക്ക് വ്യക്തമായതോടെയായിരുന്നു റിലീസ് നടപടി. കേസിൽ 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ എസ്പിയോട് കോടതി ആവശ്യപ്പെട്ടു.
2020 ഡിസംബറിൽ, ഭാര്യ മല്ലികയെ കാണാനില്ലെന്ന് അറിയിച്ച് കുടക് കുശാൽനഗർ സ്വദേശി സുരേഷ് (38) പൊലീസിൽ പരാതി നൽകി. അതേ ദിവസങ്ങളിൽ മൈസൂരുവിലെ പെരിയപട്ടണയിൽ കാവേരി നദിയിൽനിന്ന് ഒരു സ്ത്രീയുടെ അസ്ഥികൂടം ലഭിച്ചിരുന്നു. തുടർന്ന്, അതു മല്ലികയുടേതാണെന്നും സുരേഷ് അവരെ കൊലപ്പെടുത്തിയതാണെന്നും വരുത്തിത്തീർത്ത കുശാൽനഗർ റൂറൽ പൊലീസ് ഡിഎൻഎ പരിശോധനാഫലം വരുന്നതിനു മുൻപേ കുറ്റപത്രം തയാറാക്കുകയായിരുന്നു. അതോടെ, സുരേഷിനു ജയിൽശിക്ഷ ലഭിച്ചു.
എന്നാൽ ഈയടുത്ത ദിവസം മല്ലിക മറ്റൊരാളോടൊപ്പം മടിക്കേരിയിലെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സുരേഷിന്റെ സുഹൃത്ത് കാണാൻ ഇടയായി. ഇതേത്തുടർന്ന് അയാൾ യുവതിയുടെ വിഡിയോ ഫോണിൽ പകർത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർന്ന് മല്ലികയെ അറസ്റ്റ് ചെയ്ത് കോടതിൽ ഹാജരാക്കി. കോടതിയിൽ വെച്ചാണ് സത്യം പുറത്തു വന്നത്. താൻ മറ്റൊരാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് മല്ലിക മൊഴി നൽകി. ഇതേത്തുടർന്നാണ് സുരേഷിനെ വിട്ടയച്ചത്. വ്യാജ കേസ് കെട്ടിച്ചമച്ചതിന്റെ പേരിൽ പോലീസിനെ കോടതി രൂക്ഷമായി വിമർശിച്ചു.