അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ വിട്ടുനൽകാതെ പാകിസ്താൻ; പഠാൻകോട്ടിലേക്ക് തിരിച്ച് ഗർഭിണിയായ ഭാര്യ



അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാൻകോട്ടിലേക്ക് തിരിച്ചു. ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് കോൺസ്റ്റബിൾ റാങ്കിലുള്ള പൂർണം കുമാർ ഷാ(40)യെ കസ്റ്റഡിയിലെടുത്തത്. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടെ അബദ്ധത്തിലാണ് പൂർണം അതിർത്തി കടന്നത്.

തുടർന്ന് പാകിസ്താൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൂർണം പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ വ്യക്തമായ മറുപടി ആരും നൽകുന്നില്ലെന്നുമാണ് ഗർഭിണിയായ ഭാര്യ രജിനി ഷായുടെ പറയുന്നത്.

“പാകിസ്താൻ സൈന്യം അദ്ദേഹത്തെ പിടികൂടിയിട്ട് നാല് ദിവസമായി. ഞങ്ങൾ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ അവർ പറയുന്നത് മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നാണ്. പക്ഷേ ഒരു ശുഭ വാർത്തയുമില്ല. എന്റെ ഭർത്താവ് എപ്പോൾ തിരിച്ചുവരുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഞാൻ പഠാൻകോട്ട് സന്ദർശിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മോചനത്തിനായി ഞാൻ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സമീപിക്കും”, അവർ മാധ്യമങ്ങളോട് പറഞ്ഞു.

ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമാണ് പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്നപ്പോഴാണ് ഇദ്ദേഹം കസ്റ്റഡിയിലായത്.

أحدث أقدم