പാലക്കാട്: സുരേഷ് ഗോപി എംപിക്ക് കട്ട് പറയേണ്ടത് ജനങ്ങളാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആക്ഷനും റിയാക്ഷനുമെല്ലാം അവരവരുടെ ഇഷ്ടമാണ്. സുരേഷ് ഗോപിക്ക് കട്ട് പറയാൻ ഞാൻ സംവിധായകനല്ല, ജനങ്ങളാണ് കട്ട് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കമ്മിഷണർ എന്ന സിനിമ പുറത്തിറങ്ങിയ കാലത്ത് കാറിനു പുറകിൽ എസ്പിയുടെ തൊപ്പി സ്ഥിരമായി പുറമേക്ക് കാണാൻ വിധത്തിൽ വച്ചിരുന്നയാളാണ്.
സാധാരണ രീതിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കാറിൽ യാത്ര ചെയ്യുമ്പോൾ തൊപ്പി ഊരി സീറ്റിനു പുറകിൽ വയ്ക്കാറുള്ളത്. അതേ രീതിയിലാണ് അദ്ദേഹം തൊപ്പി കാറിൽ വച്ചിരുന്നത്. അത്രയേ അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളൂ എന്നും ഗണേഷ് കുമാർ പറഞ്ഞു.
തെരഞ്ഞെടുപ്പിനു മുൻപ് തൃശൂരുകാർ അനുഭവിക്കുമെന്ന് പറഞ്ഞിരുന്നു. അത് ശരിയായി, ഇനി തൃശൂർക്കാർക്ക് എന്തെങ്കിലും ഗുണമുണ്ടാകാൻ പ്രാർഥിക്കാമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.