ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം എപ്പോള്‍ വേണമെങ്കിലും നടക്കാം എന്ന പ്രതീക്ഷയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സിപിഐഎം. സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റംഗം വി എം ഷൗക്കത്തിനെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായി ചുമതലപ്പെടുത്തി. സിപിഐഎം പിബി അംഗം എ വിജയരാഘവന്റെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് ഷൗക്കത്തിന് ചുമതല നല്‍കിയത്.
മുന്‍ ഉപതിരഞ്ഞെടുപ്പുകളിലേത് പോലെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ ഏതാണ്ട് മുഴുവന്‍ പേരും നിലമ്പൂരിലുണ്ടാവും. 89 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ അഞ്ച് പേര്‍ ഒഴികെ മുഴുവന്‍ പേര്‍ക്കും തിരഞ്ഞെടുപ്പ് ചുമതല നല്‍കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സ്ഥാനാര്‍ത്ഥിയും ആവുന്നതോടെ എല്ലാവരും മണ്ഡലത്തിലെത്തും.
ഓരോ ബൂത്തിലും ഓരോ സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന് ചുമതല നല്‍കും. 10 ബൂത്തുകളടങ്ങുന്ന ക്ലസ്റ്ററുകളുടെ ചുമതല സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിനായിരിക്കും. ഘടകകക്ഷി നേതാക്കള്‍ക്കും ചുമതല നല്‍കും. ബൂത്ത് തലത്തിലുള്ള യോഗങ്ങള്‍ നടന്നുകഴിഞ്ഞു. ബൂത്ത് തലത്തില്‍ നാല് സ്‌ക്വാഡുകളാണ് രൂപീകരിക്കുന്നത്. വനിതാ, യുവജന സ്‌ക്വാഡുകളും ഇതില്‍പ്പെടും. ആദിവാസി നഗറുകളിലും യോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.