കോഴിക്കോട്: കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ( ശ്രീ മാനവേദൻരാജ- 99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 5.15 ന് ആയിരുന്നു അന്ത്യം. ആശുപത്രിയിലുള്ള ഭൗതിക ശരീരം ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് എത്തിച്ച് കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. 2014 ഏപ്രിലിൽ പി കെ ചെറിയ അനുജൻ രാജ (ശ്രീ മാനവിക്രമൻരാജ) അന്തരിച്ചതിനെ തുടർന്നാണ് ഉണ്ണിയനുജൻ രാജ സാമൂതിരിയായി ചുമതലയേറ്റത്.
അഴകപ്ര കുബേരൻ നമ്പൂതിരിയുടെയും കോട്ടക്കൽ കിഴക്കേ കോവിലകം കുഞ്ഞിമ്പാട്ടി തമ്പുരാട്ടിയുടെയും മകനായി 1925 ൽ ജനിച്ച കെ സി ഉണ്ണി അനുജൻ രാജ സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റും ചെമ്പൂർ മദ്രാസ് എൻജിനീയറിങ് കോളജിൽ എൻജിനീയറിങ്ങും പൂർത്തിയാക്കി. പെരമ്പൂരിൽ ഇന്ത്യൻ റെയിൽവേയിൽ എൻജിനീയറായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ജംഷഡ്പൂരിൽ ടാറ്റയിൽ ജോലി ചെയ്തു. എറണാകുളത്തെ എച്ച്എംടിയിൽ നിന്ന് പ്ലാനിങ് എൻജിനീയറായി വിരമിച്ചു. മാലതി നേത്യാർ ആണ് ഭാര്യ. മക്കൾ: സരസിജ, ശാന്തിലത, മായാദേവി.