സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും സർക്കാരിന്റെ ധൂർത്തിന് കുറവില്ല…നാലാം വാർഷികം ആഘോഷിക്കാൻ ചിലവാക്കുന്നത് നൂറുകോടി രൂപ





തിരുവനന്തപുരം : സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും ധൂർത്ത് കുറയ്ക്കാതെ സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കാനെന്ന പേരിൽ ചിലവാക്കുന്നത് 100 കോടിയിലേറെ രൂപയാണ്. നാളെ മുതൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കായാണ് ഇത്രയേറെ പണം ചിലവഴിക്കുന്നത്. ഇതിൽ ഭൂരിപക്ഷം പണവും എത്തുന്നത് സിപിഎമ്മിന്റെ ഇഷ്ടക്കാരുടെ പോക്കറ്റിലേക്കാണ് എന്നതും ശ്രദ്ധേയമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം സംസ്ഥാനമെമ്പാടും വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. എല്ലാ ജില്ലയിലും എന്റെ കേരളം എന്ന പേരിൽ ഒരാഴ്ച്ച നീളുന്ന പ്രദർശന – വിപണന മേളകൾ സംഘടിപ്പിക്കും. നാളെ കാസർകോട് ആരംഭിക്കുന്ന ആഘോഷങ്ങളുടെ സമാപനം മേയ് 23നു തിരുവനന്തപുരത്താണ്.

പരിപാടികൾക്കായി ശീതീകരിച്ച ജർമൻ ഹാങ്ങറുകളാണു (കൂറ്റൻ പന്തലുകൾ) നിർമിക്കുന്നത്. ഇവയു‍ൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കീഴിലുള്ള കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനാണ് (ഐഐഐസി). ഇതിനായി ഓരോ ജില്ലയിലും കിഫ്ബി മൂന്നു കോടി രൂപ വീതം ഐഐഐസിക്കു നൽകും. ഈയിനത്തിൽ 42 കോടി രൂപയാണ് ആകെ ചെലവിടുന്നത്.

ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കൺസോർഷ്യമാണു സൗകര്യങ്ങൾ ഒരുക്കുന്നത്. ഓരോ ജില്ലയിലെയും ചുമതല കൺസോർഷ്യം വിവിധ കമ്പനികൾക്കു വീതിച്ചു നൽകിയിട്ടുണ്ട്. പരിപാടിയുടെ ഏകോപനം നിർവഹിക്കുന്ന ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന് ഓരോ ജില്ലയിലും 40 ലക്ഷം വീതം ആകെ 5.6 കോടി അനുവദിച്ചിട്ടുണ്ട്. പ്രത്യേക പവിലിയൻ, കലാപരിപാടികൾ, ജില്ലാതല യോഗം, പ്രാദേശിക പ്രചാരണങ്ങൾ തുടങ്ങിയവയ്ക്കാണ് ഈ തുക.


ജില്ലകളിലെ പ്രദർശന, വിപണന മേളകളിൽ പങ്കെടുക്കാൻ സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും 7 ലക്ഷം വീതം ചെലവിടാൻ അനുമതിയുണ്ട്. ഇതനുസരിച്ച് ഒരു ജില്ലയിൽ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും 3.5 കോടിയോളം ചെലവിടും. എല്ലാ ജില്ലകളിലും കൂടി ഈ വിഭാഗത്തിൽ ചെലവ് 49 കോടി വരും. പരസ്യബോർഡുകൾ സ്ഥാപിക്കാനായി 20.71 കോടി നീക്കിവച്ചിട്ടുണ്ട്. 2022, 23 വർഷങ്ങളിൽ സർക്കാരിന്റെ ഒന്നും രണ്ടും വാർഷിക ആഘോഷങ്ങൾക്കായി ഈ രീതിയിൽ വേദി ഒരുക്കിയത് ഐഐഐസിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ വർഷം ആഘോഷം ഒഴിവാക്കേണ്ടിവന്നു.

വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സംവാദ പരിപാടി എല്ലാ ജില്ലയിലും നടത്തും. ക്ഷണക്കത്ത് അച്ചടിച്ച് പാർട്ടി ഓഫിസുകൾ വഴി പ്രമുഖരെ കണ്ടെത്തി നടത്തുന്ന പരിപാടിക്കുള്ള ചെലവ് പ്രത്യേകമാണ്. പിന്നാലെ മേഖലാതല യോഗങ്ങൾ വരും. ജില്ലാതല യോഗങ്ങൾ നടക്കുന്ന ദിവസം എൽഡിഎഫ് റാലിയും നടത്തും.

സംസ്ഥാന തല ഉദ്ഘാടനം നാളെ

കാസർകോട്‌ ജില്ലയിലെ കാലിക്കടവിലാണ് പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം. കാലിക്കടവിലെ പിലിക്കോട്‌ പഞ്ചായത്ത്‌ മൈതാനിയിൽ 73,923 ചതുരശ്ര അടിയിൽ തയ്യാറാക്കിയ പന്തലിലാണ്‌ പ്രദർശനം. തിങ്കളാഴ്ച്ച രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്‌ഘാടനം ചെയ്യുന്നത്.

ചടങ്ങിൽ മന്ത്രി കെ രാജൻ അധ്യക്ഷനാകും. എല്ലാ മന്ത്രിമാരും ചീഫ്‌ സെക്രട്ടറിയും പങ്കെടുക്കും. പ്രദർശന പന്തലിൽ 45,940 ചതുരശ്ര അടി ശീതീകരിച്ചതാണ്‌. ഇവിടെയാണ് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളും പവലിയനും. കാർഷിക പ്രദർശനത്തിനും ഡോഗ് ഷോയ്‌ക്കുമായി 6,000 ചതുരശ്ര അടി പന്തലുമുണ്ട്. ഫുഡ്‌ കോർട്ട്‌, കുട്ടികളുടെ പാർക്ക്‌ എന്നിവയും സമീപത്തുണ്ട്‌. ദിവസവും വൈകിട്ട് ആറുമുതൽ പത്തുവരെ കലാപരിപാടികളും അരങ്ങേറും.
أحدث أقدم