പൊലീസ് സ്റ്റേഷനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതിഷേധവുമായി കോൺഗ്രസ്

കൽപ്പറ്റ: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്. സർക്കാറിന്‍റെ ഭാഗത്തും നിന്നുമുളള അന്വേഷണം തൃപ്തികരമല്ലെന്നും ജുഡീഷ്യൽ മജിസ്ട്രേറ്റ് അന്വേഷണം വേണമെന്നുമാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെടുന്നത്. ഗോകുലിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ ഗോകുലിനെ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത ഗോകുൽ പ്രായപൂർത്തിയായിരുന്നില്ല. 2007 മെയ് 5നാണ് ഗോകുൽ ജനിച്ചത്. 18 വയസ് തികയാൻ രണ്ട് മാസം കൂടി ബാക്കിയുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് പുറത്ത് വന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

മാർച്ച് 26 നാണ് കൽപ്പറ്റയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതാവുന്നത്. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പെൺകുട്ടിയെ കോഴിക്കോട് നിന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

എന്നാൽ പെൺകുട്ടിയെ കണ്ടെത്തുന്ന സമയത്ത് ഗോകുലും പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് ഇരുവരെയും കോഴിക്കോട് നിന്ന് കൽപ്പറ്റയിലെത്തിച്ച ശേഷം പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുകയും ഗോകുലിനെ സ്റ്റേഷനിൽ നിർത്തുകയുമായിരുന്നു.

ഇതിനിടെയാണ് ഗോകുൽ ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞ് പോയതും, തുടർന്ന് ശുചിമുറിയിൽ തൂങ്ങി മരിക്കുകയും ചെയ്തത്.
أحدث أقدم