
ഇത്തവണയും സിപിഐഎമ്മിന് വനിതാ ജനറല്‍ സെക്രട്ടറി ഉണ്ടായേക്കില്ലെന്ന് ബൃന്ദ കാരാട്ട്. ഭാവിയില്‍ തീര്‍ച്ചയായും വനിതാ ജനറല്‍ സെക്രട്ടറിയുണ്ടാവും. രണ്ട് വനിതകള്‍ ഇത്തവണ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
‘പാര്‍ട്ടിക്കൊരു ഭരണഘടനയുണ്ട്. പ്രായപരിധി മാനദണ്ഡമുണ്ട്. അതിനാല്‍ രണ്ട് വനിതകള്‍ പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിയുകയും പുതിയ ആളുകള്‍ എത്തുകയും ചെയ്യും’, ബൃന്ദ കാരാട്ട് പറഞ്ഞു.
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ പോളിറ്റ് ബ്യൂറോയില്‍ എത്തിയേക്കുമെന്നാണ് വിവരം.കേരളത്തില്‍ നിന്ന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ പ്രഥമ പരിഗണന കെ കെ ശൈലജയ്ക്കാണ് എന്നാണ് പുറത്തുവരുന്ന സൂചന. പിബിയിലെ വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുന്നതാണ് ശൈലജയ്ക്ക് അനുകൂലമായ ഘടകം എന്നാണ് കരുതുന്നത്. കെ രാധാക്യഷ്ണന്‍ എം പി, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്.
കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ എം എ ബേബിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞിരുന്നു. മൂന്ന് ടേം പൂര്‍ത്തിയായതിനാല്‍ മാറി നില്‍ക്കുമെന്ന് പ്രകാശ് കാരാട്ട് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെയാണ് മധുരയില്‍ കൊടിയുയരുന്നത്. മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്ററിലെ ‘സീതാറാം യെച്ചൂരി നഗറി’ലാണ് നാല് ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ്.