കുന്നംകുളം നഗരസഭാ കൗണ്‍സില്‍ നടക്കുന്നതിനിടെ അജന്‍ഡ വലിച്ചുകീറുകയും കപ്പും സോസറും എറിഞ്ഞുടയ്ക്കുകയും ചെയ്ത ബിജെപി കക്ഷി നേതാവ് കെ കെ മുരളിയെ സസ്‌പെന്‍ഡ് ചെയ്ത് ചെയര്‍പേഴ്‌സണ്‍. ആശ വര്‍ക്കര്‍മാര്‍ക്ക് അധികവേതനം നല്‍കണമെന്ന പ്രമേയത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ വോട്ടെടുപ്പ് നിഷേധിച്ചതോടെയാണ് അജണ്ട കീറി പ്രതിഷേധിച്ചത്. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് തനത് ഫണ്ടില്‍ നിന്നോ പദ്ധതി വിഹിതത്തില്‍ നിന്നോ പ്രതിമാസം 2000 രൂപ വീതം അധികവേതനം നല്‍കണമെന്ന് ബിജെപി അംഗം കെ കെ മുരളി പ്രമേയത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. പ്രമേയം അജണ്ടയായി ഉള്‍പ്പെടുത്തിയെങ്കിലും അംഗീകരിക്കാന്‍ സിപിഐഎം അംഗങ്ങള്‍ തയ്യാറായിരുന്നില്ല. ആശ വര്‍ക്കര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിച്ചിട്ടില്ലെന്നും വേതനമല്ല ഓണറേറിയമാണ് ഇവര്‍ക്ക് നല്‍കുന്നതെന്നും സിപിഐഎം അംഗങ്ങള്‍ വാദിച്ചു.
ബിജെപിയുടെ പ്രമേയത്തിലെ വാക്കുകളില്‍ തെറ്റുണ്ടെന്നും പ്രമേയം തള്ളികളയുകയാണെന്നും ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ അറിയിക്കുകയായിരുന്നു. ഇതോടെ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് വോട്ടെടുപ്പ് വേണമെന്ന് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് ബഹളം ഉണ്ടാവുകയും ബിജെപി അംഗങ്ങള്‍ അജണ്ട വലിച്ചുകീറുകയും ചെയ്തത്. കോണ്‍ഗ്രസ്, ആര്‍എംപി അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിരുന്നു.