കൊല്ലം: കോട്ടുക്കൽ ദേവി ക്ഷേത്രത്തിലെ ആർഎസ്എസ് ഗണഗീത വിവാദത്തിൽ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീ ക്ഷേത്രത്തില്‍ നടന്ന ഉത്സവാഘോഷത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റേതാണ് നടപിടി.
ആർഎസ്എസിന്‍റെ കൊടിതോരണങ്ങൾ ക്ഷേത്ര പരിസരത്ത് കെട്ടിയെന്ന പരാതിയിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണം തുടരുന്നതിനിടെയായിരുന്നു ഗാനമേളയിൽ ഗണഗീതം പാടിയതെന്നും ഇത് ബോധപൂർവ്വം ചെയ്തതൊണെന്നുമാണ് ദേവസ്വം ബോർഡിന്‍റ വിലയിരുത്തൽ. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന നാട്ടുകാരന്‍റെ പരാതിയിൽ കടയ്ക്കൽ പൊലീസെടുത്ത കേസിലും അന്വേഷണം നടക്കുകയാണ്.
എന്നാൽ ആര്‍എസ്എസുമായി ബന്ധപ്പെട്ട പാട്ട് പാടണമെന്ന് ആളുകളുടെ ആവശ്യപ്രകാരമായിരുന്നു ഗണഗീതം പാടിയതെന്നായിരുന്നു സംഭവത്തില്‍ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ നല്‍കിയ വിശദീകരണം. 'നാഗര്‍കോവില്‍ ബേര്‍ഡ്സ്' എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. നേരത്തെ വിപ്ലവഗാന വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ ഉപദേശക സമിതിയെയും ദേവസ്വം ബോർഡ് പിരിച്ചു വിട്ടിരുന്നു.