മോസ്‌കോ: റഷ്യയുടെ ഉന്നത സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്‍റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടു. മോസ്‌കോയ്ക്ക് കിഴക്കുള്ള ബാലശിഖ പട്ടണത്തില്‍ നടന്ന കാര്‍ സ്‌ഫോടനത്തിലാണ് റഷ്യന്‍ സായുധ സേനയുടെ മെയിന്‍ ഓപറേഷന്‍സ് ഡയറക്ടറേറ്റിന്‍റെ ഡപ്യൂട്ടി മേധാവി കൂടിയായ യാരോസ്ലാവ് മോസ്‌കാലിക് കൊല്ലപ്പെട്ടത്.
സംഭവത്തെ ഭീകരാക്രമണം എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ വിശേഷിപ്പിച്ചത്. സ്‌ഫോടനം നടന്ന സ്ഥലം ഫൊറന്‍സിക് സംഘം പരിശോധിച്ചു.
2021ലാണ് ലഫ്റ്റനന്‍റ് ജനറലായി യാരോസ്ലാവ് മോസ്‌കാലിക്കിനെ പുടിന്‍ നിയമിച്ചത്. റഷ്യന്‍ സൈന്യത്തിന്‍റെ രാസായുധ വിഭാഗത്തിന്‍റെ തലവനായ ഇഗോര്‍ കിരിലോവ് കഴിഞ്ഞ ഡിസംബറില്‍ മോസ്‌കോയില്‍ ഒരു സ്‌കൂട്ടറില്‍ സ്ഥാപിച്ച ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുന്നതിനു തൊട്ടുമുമ്പാണു സ്‌ഫോടനം നടന്നത്. യുക്രെയ്‌നില്‍ വെടിനിര്‍ത്തലിനെ കുറിച്ചുള്ള അടിയന്തര ചര്‍ച്ചകള്‍ക്കായിട്ടാണു വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയത്.