പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കൂടെ പോയ സ്ത്രീയെ പോലീസുകാർ ആക്രമിച്ചെന്ന് പരാതി



തിരുവന്‍വണ്ടൂര്‍ (ആലപ്പുഴ): പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ കൂടെ പോയ സ്ത്രീയെ പോലീസുകാർ ആക്രമിച്ചെന്ന് പരാതി. അയല്‍വാസിയായ സ്ത്രീയുടെ കുടുംബവിഷയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാന്‍ കൂട്ടിനായി പോയ തിരുവന്‍വണ്ടൂര്‍ സ്വദേശി നാലാം വാര്‍ഡ് തറയില്‍ ടി.ബി. രാധയ്ക്കാണ് (53) മര്‍ദനമേറ്റത്. ഇവരുടെ കൈക്കു മൂന്നു പൊട്ടലുണ്ട്. ചെങ്ങന്നൂരിലെ മുതിര്‍ന്ന പോലീസുകാരന്‍ മര്‍ദിച്ചെന്നാണു പരാതി.

‘തിങ്കളാഴ്ച രാവിലെയാണ് അയല്‍വാസിയായ തറയില്‍ പടിഞ്ഞാറേതില്‍ ലീലാമ്മയ്‌ക്കൊപ്പം ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കാന്‍ പോയത്. തുടര്‍ന്ന് ഇരുവരും തിരികെ വീട്ടിലെത്തി. ചൊവ്വാഴ്ച ലീലാമ്മയ്‌ക്കൊപ്പം താമസിക്കുന്ന തുളസിയുമായി (പരാതിയില്‍ പരാമര്‍ശിക്കുന്ന വ്യക്തി) ഇവരുടെ വീട്ടിലെത്തിയ പോലീസ് രാധയെയും വിളിപ്പിച്ചു. പോലീസ് സാന്നിധ്യത്തില്‍ തുളസി തന്നെ അധിക്ഷേപിച്ച് വളരെ മോശമായ ഭാഷയില്‍ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതു താന്‍ ചോദ്യം ചെയ്തപ്പോള്‍ പോലീസുകാരന്‍ കൈയിലുണ്ടായിരുന്ന ഭാരമുള്ള വടിയുപയോഗിച്ച് പുറത്തും കഴുത്തിനു പിന്‍വശത്തും മര്‍ദിക്കുകയും കൈക്ക് ശക്തമായി അടിക്കുകയുമായിരുന്നു എന്നാണ് സംഭവത്തെപ്പറ്റി രാധ പറയുന്നത്.

കൈക്കു നീരുവന്നതോടെ ഇവർ പിന്നീട് ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടു പോയി. തുടർന്ന് പോലീസുകാര്‍ തന്നെ രാധയെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലാക്കി. തുടര്‍ന്ന് അവരെ പോലീസ് ജീപ്പില്‍ത്തന്നെ വീട്ടില്‍ കൊണ്ടുചെന്ന് വിട്ടു. അടുത്ത ദിവസം എക്‌സ്-റേ എടുത്തു പരിശോധിച്ചപ്പോള്‍ ഇടതു കൈവിരലിനു മൂന്നു പൊട്ടലും ആഴമേറിയ മുറിവുമുള്ളതായി കണ്ടെത്തി. രാധയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടില്ല. പകരം രാധയുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും വനിത-മനുഷ്യാവകാശ കമ്മിഷനുകള്‍ക്കും ഇവർ പരാതി നല്‍കി. എന്നാൽ, സംഭവം നടക്കുമ്പോൾ രാധ മദ്യ ലഹരിയിലായിരുന്നുവെന്നും പോലീസ് മർദിച്ചിട്ടില്ലെന്നും ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം. ബിനുകുമാര്‍ പറഞ്ഞു. പരാതിയില്‍ ചെങ്ങന്നൂര്‍ എസ്എച്ച്ഒയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് തരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

أحدث أقدم