വൃദ്ധൻ റോഡിൽ കുഴഞ്ഞുവീണ് മരിച്ചു; തിരിഞ്ഞുനോക്കതെ പോയ പത്തോളം കാല്‍നട യാത്രക്കാരെ കോടതി കയറ്റി കുടുംബം


മനുഷ്യസമൂഹത്തിൽ രണ്ടുതലത്തിലാണ് നിയമങ്ങൾ പ്രവർത്തിക്കുന്നത്. ലിഖിതമായ നിയമങ്ങളും അലിഖിതമായ നിയമങ്ങളുമാണ് അവ. പുതിയ അതിർവരമ്പുകൾക്ക് അനുസരിച്ച് ഒരു രാജ്യം രൂപീകരിക്കപ്പെടുമ്പോൾ. ആ ദേശത്തെ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രത്യേകതകളെ കൂടി ഉൾപ്പെടുത്തി ഉണ്ടാക്കുന്നതാണ് ലിഖിതമായ നിയമങ്ങൾ. എന്നാല്‍, ഒരു സമൂഹത്തിലുണ്ടാകുന്ന അലിഖത നിയമം ആ സമൂഹം കാലങ്ങളായി ആര്‍ജ്ജിച്ചെടുത്ത ചില സാംസ്കാരികമായ പ്രത്യേകതകളെ കൂടി കണക്കിലെടുത്തായിരിക്കും രൂപപ്പെട്ടിരിക്കുക. മാതാപിതാക്കളോടൊപ്പം ഗുരുക്കന്മാരെയും ബഹുമാനിക്കുക എന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഒരു അലിഖിത നിയമമാണ്. അത് സംസ്കാരവുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതും. അത് പോലെ തന്നെ പ്രായമായവര്‍, സ്ത്രീകൾ, കുട്ടികൾ എന്നിവരോട് അല്പം കരുണയോടെ പെരുമാറുകയെന്നതും ഓരോ സമൂഹവും സ്വയം രൂപപ്പെടുത്തിയ അലിഖിത നിയമങ്ങളില്‍പ്പെടുന്നതാണ്. എന്നാല്‍ ഇത്തരം അലിഖിത നിയമങ്ങൾ പാലിക്കണോ വേണ്ടയോയെന്നത് ഓരോ വ്യക്തിക്കും സ്വയം തീരുമാനിക്കാവുന്നവ കൂടിയാണ്.

ചൈനയില്‍ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ച 87 -കാരനെ സഹായിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ കുടുംബം പത്തോളം വഴിയാത്രക്കാരെ കോടതി കയറ്റി. ഷാങ്ഡോങ് പ്രവിശ്യയിലെ നഗരത്തിലൂടെ ഒരു ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ച് പോവുകയായിരുന്ന 87 -കാരനാണ് പെട്ടെന്ന് റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചത്. ഇദ്ദേഹം റോഡിലേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച വൃദ്ധന്‍റെ വീട്ടുകാര്‍ ഈ സമയം അദ്ദേഹത്തെ സഹായിക്കാതെ കടന്ന് പോയ 10 വഴിയാത്രക്കാര്‍ക്ക് എതിരെയാണ് കേസ് കെടുത്തത്.

വൃദ്ധന്‍ വീഴുമ്പോൾ ആളുകൾ ഒന്ന് ശ്രദ്ധിക്കുകയും പിന്നെ നടന്ന് നീങ്ങുന്നതും വീഡിയോയില്‍ കാണാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഒരു യുവാവ് വൃദ്ധനെ സഹായിക്കാനായി ശ്രമിക്കുമ്പോൾ, സമീപത്ത് നിന്ന മറ്റൊരാൾ, ‘അതൊരു പണിയാകുമെന്നും ഇത്തരം തട്ടിപ്പുകൾ ഇവിടെ സ്ഥിരമാണെന്നും യുവാവിനെ ഉപദേശിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. സംഗതി എന്തായാലും ഓരോ വഴിയാത്രക്കാരനും 1,40,000 യുവാന്‍ (ഏകദേശം 16,50,000 രൂപ) വീതം നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. അവരാരെങ്കിലും സഹായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും കുടുംബം വാദിച്ചു.

എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിധി, കുടുംബത്തിന് എതിരായിരുന്നു. വഴിയാത്രക്കാര്‍ക്ക് വൃദ്ധനെ സഹായിക്കേണ്ട അവശ്യമില്ലെന്ന് കോടതി പറഞ്ഞു. അവര്‍ തമ്മില്‍ ശാരീരികമായ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നതിനാല്‍ വൃദ്ധന്‍റെ മരണത്തില്‍ വഴിയാത്രക്കാര്‍ കുറ്റക്കാരല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ചൈനീസ് നിയമം അനുസരിച്ച് ഡോക്ടര്‍മാര്‍, പോലീസുകാര്‍ എന്നിവര്‍ക്ക് മാത്രമേ പൊതുജനത്തിന് അടയന്തര സേവനം നല്‍കാന്‍ ബാധ്യതയൊള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഈ കേസിനെ കുറിച്ചുള്ള വാര്‍ത്തകൾ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിതെളിച്ചു. പലരും പുതിയ കാലത്ത് പരസ്പര സഹകരണവും ബഹുമാനവും മനുഷ്യന് നഷ്ടപ്പെടുകയാണെന്ന് എഴുതി. സമഹൂത്തിന്‍റെ ധാർമ്മിക നിലവാരം തകരുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.

أحدث أقدم