മലപ്പുറത്ത് പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദനം; കേസെടുത്ത് പൊലീസ്





മലപ്പുറം: മലപ്പുറത്ത് പത്താം ക്ലാസ് വിദ‍്യാർഥിയെ സഹപാഠികൾ സംഘം ചേർന്ന് മർദിച്ചതായി പരാതി. മൂർക്കനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ‍്യാർഥിയായ മുബീൻ മുഹമ്മദിനാണ് മർദനമേറ്റത്. സ്കൂളിലെ സഹപാഠികളുമായി നേരത്തയുണ്ടായിരുന്ന വാക്കു തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം.

സ്കൂളിലെ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയത്തായിരുന്നു മുബീനും സഹപാഠികളും തമ്മിൽ വാക്കുതർക്കമുണ്ടായത്. സ്കൂൾ അധികൃതർ ഇടപ്പെട്ട് അന്ന് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു.

എന്നാൽ വ‍്യാഴാഴ്ച സ്കൂളിലെ കായിക പരിശീലന ക‍്യാംപ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മുബീനെ ആറു പേർ അടങ്ങുന്ന സംഘം ചേർന്ന് മർദിക്കുകയായിരുന്നു. ആളില്ലാത്ത സ്ഥലത്ത് വച്ച് കല്ലുകൊണ്ട് ആക്രമിച്ചെന്നും മുബീൻ പറഞ്ഞു.

പൊലീസിൽ പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്തുന്നതിൽ കാലതാമസമുണ്ടായതായാണ് കുടുംബത്തിന്‍റെ ആരോപണം. നിലവിൽ അരീക്കോട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റ മുബീൻ. സംഭവത്തിൽ അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
أحدث أقدم