മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി





കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് പ്രതികൾ സൗത്ത് പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരായത്. ഏപ്രിൽ 15, 16 തീയതികളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കി 22ന് മുൻപ് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം നൽകിയത്.

അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹസ്ഥാപനത്തിൽ നിന്നും 11.92 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

കമ്പനിയുടെ സിഇഒ ആയിരുന്ന തോമസ് പി രാജനാണ് പ്രതികളിൽ ഒരാൾ. അന്വേഷണത്തിന്‍റെ ഭാഗമായി ഇയാളെ സ്ഥാപനത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുത്തൂറ്റ് ഫിനാൻസിന്‍റെ ബിസിനസ് പെർഫോമൻസ് (സൗത്ത്) വിഭാഗത്തിലെ മുൻ സിജിഎം രഞ്ജിത് കുമാർ രാമചന്ദ്രനാണ് മറ്റൊരു പ്രതി.

മുത്തൂറ്റിലെ ജീവനക്കാർക്ക് നൽകേണ്ട ആനുകൂല്യങ്ങളിലുൾപ്പെടെയാണ് തിരിമറി കണ്ടെത്തിയത്. ഏപ്രിൽ 2023 നും നവംബർ 2024 നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. ജീവനക്കാർക്ക് പല തരത്തിൽ ലഭിക്കേണ്ടിയിരുന്ന തുക അവർക്ക് ലഭിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കമ്പനി ഈ പരാതിയുമായി മുന്നോട്ട് പോയത്.
أحدث أقدم