
അഹമ്മദാബാദിലെ ഖോഖരയില്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. പരിഷ്‌കാര്‍ എന്ന കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്. പുകയും തീയും നിറഞ്ഞതോടെ പുറത്തിറങ്ങാന്‍ സാധിക്കാതെ ആളുകള്‍ കുടുങ്ങി.
തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. തീയും പുകയും നിറഞ്ഞതോടെ മുന്‍വാതിലൂടെ രക്ഷപ്പെടാനാകാതെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു കുടുംബം അവരുടെ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് ഏറ്റവും ചര്‍ച്ചയായി മാറിയിരിക്കുന്നത്. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ഒരു സ്ത്രീയുടെ കയ്യില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ വീഡിയോയില്‍ കാണാം. താഴത്തെ നിലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഞ്ഞിനെ കൈമാറാനാണ് ആ സ്ത്രീ ശ്രമിക്കുന്നത്. ഒടുവില്‍ അവരതില്‍ വിജയിക്കുന്നതും കാണാം.മറ്റൊരു വീഡിയോയിൽ ഒരു സ്ത്രീയും സമാനമായ നിലയിൽ തൂങ്ങിക്കിടക്കുന്നത് കാണാം
പതിനെട്ടോളം ആളുകളാണ് കുടുങ്ങിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് അവധിദിവസമല്ലാത്തതിനാല്‍ അന്തേവാസികളില്‍ പലരും പുറത്തായിരുന്നു. പത്തോളം ഫയര്‍ എഞ്ചിനുകളാണ് തീയണക്കാന്‍ ആദ്യഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്. തീ നിയന്ത്രണവിധേയമായെന്നും ആളപായമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തിപ്പിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.