ന്യൂഡൽഹി: സിന്ധു നദീജലക്കരാർ മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരേ അന്താരാഷ്‌ട്ര വേദികളിൽ നിയമപരമായ പോരാട്ടത്തിനു പാക്കിസ്ഥാനിൽ തയാറെടുപ്പ്. അന്താരാഷ്‌ട്ര നീതിന്യായ കോടതി, യുഎൻ, ലോകബാങ്ക് എന്നിവിടങ്ങളിൽ പരാതിപ്പെടാനാണു തീരുമാനം. പാക് അറ്റോർണി ജനറൽ മൻസൂർ ഉസ്മാൻ അവാൻ ഇതിനായി രേഖകൾ തയാറാക്കിവരുകയാണ്. കഴിഞ്ഞ ദിവസം നിയമമന്ത്രി അസം നസീർ തരാറുമായി അവാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
കൃഷിക്കും കുടിവെള്ളത്തിനുമായി പാക്കിസ്ഥാൻ ഏറ്റവുമധികം ആശ്രയിക്കുന്ന നദിയാണു സിന്ധു. രാജ്യത്ത് ജലസേചനത്തെ ആശ്രയിച്ചു നടത്തുന്ന കൃഷികളിൽ 80 ശതമാനത്തിനും സിന്ധു നദിയിൽ നിന്നാണു വെള്ളം ലഭിക്കുന്നത്. ജലവൈദ്യുത പദ്ധതിയുടെ 30 ശതമാനത്തിനും സിന്ധു നദിയിലെ ജലം വേണം.
സിന്ധു നദീജലത്തിന്‍റെ ലഭ്യതയിലുണ്ടാകുന്ന ഏതു കുറവും പാക്കിസ്ഥാന്‍റെ ഭക്ഷ്യസുരക്ഷയെയും ഉപജീവനത്തെയും പ്രാദേശിക സ്ഥിരതയെയും ബാധിക്കും. വിള നാശവും ഭൂഗർഭ ജലം താഴുന്നതും മാത്രമല്ല, വിവിധ പ്രവിശ്യകൾ തമ്മിൽ വെള്ളത്തിനു വേണ്ടി നടത്തുന്ന വടംവലികൾ ആഭ്യന്തരയുദ്ധത്തിനും ഇടയാക്കും.
ഏകപക്ഷീയമായി മരവിപ്പിക്കാനോ റദ്ദാക്കാനോ കഴിയുന്ന ഒന്നല്ല ഉടമ്പടിയെന്ന് ഉന്നയിച്ചുള്ള നയതന്ത്ര, നിയമ പോരാട്ടമാണു പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്‌ട്ര നിയമപ്രകാരമുള്ള ഉടമ്പടിയെ ലംഘിക്കുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും അതിർത്തികടന്നൊഴുകുന്ന നദികളിലെ ജലത്തിന്‍റെ അവകാശം സംബന്ധിച്ച എല്ലാ നിയമങ്ങൾക്കും വിരുദ്ധമാണിതെന്നു പാക്കിസ്ഥാൻ വാദിക്കും.
ആവശ്യമെങ്കിൽ അന്താരാഷ്‌ട്ര കോടതിയെയും സമീപിക്കും. ചൈന, സൗദി അറേബ്യ ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി എന്നിവയെക്കൊണ്ട് ഇന്ത്യയ്ക്കു മേൽ സമ്മർദം ചെലുത്താനുള്ള സാധ്യതയും ഇസ്‌ലാമാബാദ് തേടുന്നുണ്ട്.
എന്നാൽ, കരാർ മരവിപ്പിച്ചശേഷം മൂന്നാംകക്ഷിയുടെയും മധ്യസ്ഥ കോടതികളുടെയും അധികാരപരിധിയെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാന്‍റെ നടപടികൾക്കു കാര്യമായ ഫലമുണ്ടായേക്കില്ല.