മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ



മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് സിപിഐഎം രാഷ്ട്രീയ പ്രതിരോധം തീർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടിയേരി ബാലകൃഷ്ണന്റെ മകൻ കേസിൽപ്പെട്ടപ്പോൾ പാർട്ടി മാറി നിന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസ് വന്നപ്പോള്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുകയാണ്. കോടിയേരി ബാലകൃഷ്ണനോടും പിണറായിയോടും രണ്ട് നീതിയാണ് പാര്‍ട്ടിക്ക് ഉള്ളത് എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മകളുടെ വിശദീകരണം കൂടി കേട്ട ശേഷമാണ് എസ് എഫ് ഐ ഒ തീരുമാനം എടുത്തത്. ഇത് സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കേസ് ആണെന്നും അദ്ദേഹം വിശദീകരിച്ചു. കോടതി പറയുന്നത് അഴിമതി നടന്നതിന് തെളിവ് ഇല്ലെന്നാണ്. എന്നാൽ സേവനം നല്‍കാതെ പണം കൈപറ്റി എന്ന് കേസിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ ഇ ഡിയും വിഷയം അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപി എംപി കൊരട്ടി പള്ളിയിലെത്തി നേർച്ച സമർപ്പിച്ചതിനെയും വി ഡി സതീശൻ വിമർശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണ്ണ കിരീടവുമായി മാത്രം സുരേഷ് ഗോപി പള്ളിയിൽ പോയാൽ പോരെന്നും അവരെ കൂടെ ചേർത്ത് നിർത്തണം എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ വൈദികനെ ആക്രമിച്ചപ്പോള്‍ സുരേഷ് ഗോപിക്ക് മിണ്ടാട്ടമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വഖഫ് ബില്ലിന് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് സിപിഐഎം ആണ്. അത്കൊണ്ട് മുനമ്പത്തെ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍ ആണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാര്‍ ആണെങ്കില്‍ 10 മിനിറ്റ് കൊണ്ട് ഈ പ്രശ്‌നം പരിഹരിച്ചേനെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന സംഭവത്തിലും വി ഡി സതീശൻ പ്രതികരിച്ചു. ഭക്തരുടെ പണം പിരിച്ച് വിപ്ലവ ഗാനം അല്ല പാടേണ്ടതെന്നും അലോഷിക്കെതിരെ മാത്രം കേസ് എടുത്താല്‍ പോരെന്നും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണം എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

أحدث أقدم