ഒന്നരപ്പതിറ്റാണ്ട് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര വിഭാഗം മേധാവിയായിരുന്നു. കുറച്ചു നാളുകളായി വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇന്ന് രാവിലെ ആരോഗ്യ നില മോശമാവുകയായിരുന്നു.
1932 ല്‍ പൊന്നാനിയിലാണ് ജനനം. പരപ്പനങ്ങാടിയിലും പൊന്നാനി എ വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളജിലും ഫാറൂഖ് കോളജിലും തൃശൂര്‍ കേരളവര്‍മ കോളജിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.
എം ജി എസ് പുരാതന ഇന്ത്യന്‍ ലിപികള്‍ (ബ്രാഹ്മി, ഗ്രന്ഥം എന്നിവ) പഠിക്കുകയും തമിഴ്, ക്ലാസിക്കല്‍ സംസ്‌കൃതം എന്നിവയില്‍ വൈദഗ്ദ്ധ്യം നേടുകയും ചെയ്തിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ (1969-70) പുരാവസ്തു ഗവേഷണങ്ങളില്‍ നിരീക്ഷകനായി പങ്കെടുത്തു. കേരളത്തിലെ ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങളും അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചു. കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്‌കൂള്‍ ഓഫ് ഓറിയന്റല്‍, ആഫ്രിക്കന്‍ സ്റ്റഡീസ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ (1974 -75); വിസിറ്റിംഗ് ഫെലോ, മോസ്‌കോ, ലെനിന്‍ഗ്രാഡ് സര്‍വകലാശാലകള്‍ (1991); വിസിറ്റിംഗ് റിസര്‍ച്ച് പ്രൊഫസര്‍, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബര്‍ സെക്രട്ടറിയായും (1990-92) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ചെയര്‍മാനായും (2001-03) സേവനമനുഷ്ഠിച്ചു. അന്തര്‍ദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു.
ഇന്ത്യന്‍ ചരിത്ര പരിചയം-1969, സാഹിത്യ അപരാധങ്ങള്‍ 1970, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍ 1971, കോഴിക്കോടി ന്റെ കഥ-2001, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും-2001, ജനാധിപത്യവും കമ്മ്യൂണിസവും-2004,പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന പുസ്തകങ്ങള്‍.